Contact Form

Name

Email *

Message *

Saturday, 4 April 2020

ഈ കൊറോണ എന്നിൽ വരുത്തിയ മാറ്റങ്ങൾ



AUTHOR: SHERLY MATHEW, INDORE

ഒരുകാലത്ത് നമ്മുക്ക് വളരെ പ്രധാനപ്പെട്ടത് എന്ന് തോന്നിയിരുന്നത് ചിലപ്പോൾ അപ്രധാനമായും അപ്രധാനമായി കരുതിയിരുന്നത് ഏറ്റവും പ്രധാനപ്പെട്ടതായും മാറുന്നു. ഇതാണ് ഈ കൊറോണ നമ്മെ പഠിപ്പിക്കുന്നത്..

ഞാൻ അവധിയ്ക്ക് നാട്ടിൽ ചെല്ലുമ്പോൾ എപ്പോൾ ഞാൻ അടുക്കളയിൽ കയറിയാലും എന്റെ കുഞ്ഞാങ്ങള അമ്മയോട് പറയും "ചേച്ചിയെ സബോള പൊളിക്കാൻ മാത്രം ഏൽപ്പിക്കരുത് "എന്ന്. കാരണം ഞാൻ സബോളയുടെ രണ്ടും മൂന്നും പുറംതോട് പൊളിച്ചു കളയും..അവൻ അടുത്ത് വന്നിരുന്ന് ഞാൻ കളഞ്ഞ തൊണ്ടിൽ നിന്നും കട്ടിയുള്ള ഭാഗം എടുത്തു അമ്മയുടെ കൈയിൽ കൊടുക്കും . ഞാൻ അവനോടു വഴക്കടിക്കും "എടാ ഇതൊക്കെ മുഴുവൻ വിഷം ആണ്.. നീ ഇങ്ങനെ പിശുക്കത്തരം കാണിക്കല്ലേ"..ഇതായിരുന്നു എന്റെ പതിവ് ശൈലി.... അവൻ പറയും "ചേച്ചി ഇതുപോലും കിട്ടാത്ത ഒരവസ്ഥ വന്നാൽ നമ്മൾ എന്ത് ചെയ്യും "..
ഇന്ന് ഈ കൊറോണ കാലത്ത് ഓരോ സബോള എടുക്കുമ്പോഴും അവന്റെ വാക്കുകൾ ഓർക്കും. ഇന്ന് ഞാൻ വളരെ വിഷമിച് സബോളയുടെ കരിന്തൊണ്ട് മാത്രം കളയുന്നു. (അവൻ ഓരോ പ്രാവശ്യം ഫോൺ ചെയ്യുമ്പോഴും ഈ 'സബോളത്തൊണ്ട് കടന്നു വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ ചേച്ചിയെ ഒത്തിരി സ്നേഹിക്കുന്നത് കൊണ്ട് അവൻ വേദനിപ്പിക്കില്ല).
ഒരാഴ്ച മുമ്പ് വരെ ഞാൻ ഇത്തിരി പഴുത്ത അഥവാ കേടുവന്ന പച്ചമുളക്സ്വല്പം പഴുത്തുപോയ പഴം ഒക്കെ എടുത്തു കളഞ്ഞിരുന്നു.. ഇപ്പോൾ ഇവയൊക്കെ കേടുവന്ന ഭാഗം മുറിച്ചു കളഞ് ഉപയാഗിക്കുന്നു... അതിലും വലിയ രസം..ഒരിക്കൽ ചൂടാക്കിയ എണ്ണ വീണ്ടും ഉപയോഗിച്ചാൽ ക്യാൻസർ വരുമെന്ന് എവിടുന്നോ കേട്ട ഞാൻ പപ്പടം കാച്ചിയതിന്റെ ബാക്കി എണ്ണ മുൻപൊക്കെ എടുത്ത് കളയുമായിരുന്നു... (എന്നിട്ടും ക്യാൻസർ വന്നു.. അത് മറ്റൊരു കാര്യം ) ഇപ്പോൾ പപ്പടവും കാച്ചുന്നില്ല.. എണ്ണ കളയുന്നുമില്ല... കാച്ചിയാൽ തന്നെ എണ്ണ എടുത്തു സൂക്ഷിച്ചു വയ്ക്കും. ഇങ്ങനെ പലതും... വിലയില്ലാതിരുന്നതെല്ലാം വളരെ വിലയുള്ളതായി .. കാരണം ഇപ്പോൾ ഒന്നും കിട്ടാനില്ല. എന്നെപോലെ പലരും ഇങ്ങനെ ഒരുപാട് മാറിയിട്ടുണ്ടാവും..
അല്പം മുൻപ് വരെ sunday, sunday ആകണമെങ്കിൽ എന്തെങ്കിലും ഒക്കെ special വേണമായിരുന്നു... ഇത്തിരി മീൻ ഇല്ലാതെ ചോറുണ്ണാൻ എനിക്ക് വലിയ വിഷമം ആയിരുന്നു.. ഇപ്പോൾ മീനില്ലെങ്കിൽ അതിന്റെ മുള്ളെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്ന് കൊതിക്കുന്നു... ഇപ്പോൾ എല്ലാ ദിവസവും ഒരുപോലെ ജീവിക്കാൻ പഠിച്ചു. ഇന്ന് നമ്മുക്ക് എല്ലാത്തിനും വിലയുണ്ട്. അതങ്ങനെയാണ്... ചിലതൊക്ക കൈയിൽ ഉള്ളപ്പോൾ അതിന് നാം വില കൊടുക്കാറില്ല .. അതില്ലാതാകുമ്പോൾ ആണ് അതിന്റെ മുല്യം നാം അറിയുന്നത്.
സാധാരണ ഈ സമയങ്ങളിൽ മാർക്കറ്റ് മുഴുവൻ ക്രിസ്ത്യൻ ചേച്ചിമാരെകൊണ്ട് നിറഞ്ഞിരുന്നു. കാരണം ഓശാന ഞായർ മുതൽ ഈസ്റ്റർ ഞായർ വരെ ഉടുക്കാൻ ഓരോ പുതിയ ഡ്രസ്സ് വേണമായിരുന്നു.. പിന്നെ അതിനുള്ള മാച്ചിങ് accessories... ആഴ്ച തോറും മാറുന്ന ഫാഷനുകൾ... ഇപ്പോൾ ആർക്കും ഒന്നും വേണ്ട.. ഇപ്പോൾ എല്ലാറ്റിലുമുപരി ജീവൻ ആണ് വലുത് എന്ന് ചിലർക്കെങ്കിലും ബോധ്യം ആയിട്ടുണ്ടാവും.. (പക്ഷേ ഇതൊക്ക കഴിഞ്ഞു normal ആകുമ്പോൾ വീണ്ടും പഴയ സ്ഥിതി തന്നെയാകും. അതും മറക്കുന്നില്ല.) ..
ഇപ്പോൾ നാം ഒരുതരം വിരക്തിയിൽ അല്ലെ... വിരക്തിയിൽ ഒത്തിരി നന്മകൾ ഉണ്ട്. സമ്പത്തിൽ നിന്നുംആഡംബരത്തിൽ നിന്നുംഅഹംബോധത്തിൽ നിന്നും ഒക്കെ മനസ്സിനെ പറിച്ചെടുക്കാൻ കഴിഞ്ഞാൽ ... തനിക്ക് ലഭിച്ച കുഞ്ഞുജീവിതം കൊണ്ട് ചുറ്റും പരിമളം പരത്തി ഒരു പ്രഭാതത്തിൽ മണ്ണിലേക്കുതിർന്നുവീണ് തന്റെ ഉറവിടത്തിലേക്കു വളരെ ശാലീനമായി തിരികെ പോകുന്ന മുല്ലപൂക്കളെ പോലെ നമ്മുക്കും ഏതു നിമിഷവുംയാതൊരു പ്രതിക്ഷേധവുമില്ലാതെ ഈ ലോകം വിട്ടു പോകാൻ കഴിയും.. അത്രമാത്രം മൃദുലമായേ ഈ ലോകത്തെയും അതിലെ വസ്തുക്കളെയും തൊടാവു... ഒന്നിലും അള്ളിപിടിക്കരുത്.. പിടിച്ചിട്ടു കാര്യവുമില്ല.. ആരുംഒന്നും ആർക്കും സ്വന്തമല്ല... കാരണം എപ്പോൾഎവിടെഎങ്ങനെ അന്ത്യം എന്നറിയാത്ത ഒരു ജീവിതം പേറുന്നവരാണ് മനുഷ്യർ..
ഈ അവബോധം ഇനിയും നമ്മിൽ വേരൂന്നിയിട്ടില്ല.. ഊന്നിയാൽ അത് നമ്മെ കുറേക്കൂടി നല്ല മനുഷ്യരാക്കും. നമ്മുടെ അറിവും പാണ്ഡിത്യവും നമ്മെ അതിന് അനുവദിക്കുന്നില്ല എന്നതാണ് സത്യം.. പട്ടിണിയും ദാരിദ്ര്യവും എന്തെന്ന് അറിഞ്ഞ ഒരു ബാല്യം എനിക്കുണ്ടായിരുന്നത് കൊണ്ടാവാം എനിക്ക് ജീവിതത്തെ ഇത്ര ലഘുവായി നോക്കിക്കാണാൻ പറ്റുന്നത്..

ഇന്ന് നാം ധാരാളിത്തത്തിൽ കുതിച്ചു മറിയുന്നു.. നാലഞ്ചു കൂട്ടം കറികൾ കൂട്ടി നല്ല കുത്തരിചോറുണ്ണുമ്പോഴും നമ്മുക്ക് ആരോടും നന്ദിയില്ല. ദൈവത്തിനോട് പോലും. ഇന്നിന്റെ നിറവിൽ നടന്നു വന്ന വഴികൾ മറക്കാതിരിക്കാം... ഈ മുല്ലപ്പൂക്കളെ പോലെ ചുറ്റും പരിമളം പരത്തി നമ്മുക്കും കടന്നു പോകാം... എല്ലാവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ lockdown ദിവസങ്ങൾ നേരുന്നു... ഇപ്പോൾ ശുഭസായാഹ്ന ആശംസകൾ .. വീണ്ടും കാണാം.... സസ്നേഹം ഷേർലി മാത്യു.. (31.03.2020)

No comments:

Post a Comment