SHERLY MATHEW, INDORE
19 വയസ്സുള്ള പോളിയോ ബാധിച്ച മൂത്ത മകനെയും
എടുത്തു കൊണ്ട് ദിവസവും രാവിലെ 6.30ക്ക് വി. കുർബാനക്ക് പള്ളിയിൽ പോകുന്ന ചേട്ടനെ കണ്ട ഒരാൾ:, "വലിയ കുരിശ് ആണല്ലേ?". "ഏയ്, അല്ല,, ഇതെന്റെ മകനാണ്"....അപ്പന്റെ മറുപടി..
കുടുംബ ജീവിതത്തെ അൾത്താരയാക്കിയ
ജീവിതങ്ങൾ... ഇവിടെ വിറകുകൾ അല്ല കത്തിയെരിയുന്നത്, ഹൃദയങ്ങളും പ്രാരാബ്ധങ്ങളുമാണ്.. ഓരോ
ദിവസത്തെയും സഹനങ്ങളെ കുരിശുകൾ ആക്കി മാറ്റി അവയെ സന്തോഷപുർവ്വം ചുമക്കുന്നവർ..
ഇങ്ങനെ നാം
ആഗ്രഹിച്ചാലും ഇല്ലെങ്കിലും ജീവിതത്തിൽ ധാരാളം വേദനകൾ അഥവാ കുരിശുകൾ നമ്മുടെ
തോളിലും നാം ചുമക്കുന്നവരാണ് .. ചിലത് ദൈവം തോളിൽ തരുന്നവ.. ചിലത് ആവശ്യമില്ലാതെ, നമ്മുടെ സ്വാർത്ഥതാല്പര്യങ്ങൾക്കും
ഇഷ്ടങ്ങൾക്കുമായി നാം സ്വയം ചുമക്കുന്നവ, മറ്റു ചിലത് മറ്റുള്ളവർ നമ്മുടെ തോളിൽ വച്ചു
തരുന്നവ....
തമ്പുരാൻ നമ്മോട് പറഞ്ഞില്ലേ "നിന്റെ
കുരിശുമെടുത്തു എന്നെ അനുഗമിക്കുക" എന്ന്.. ദുഖവെള്ളിയാഴ്ച്ച മരക്കുരിശും
ചുമന്നു മലകൾ കയറാനല്ല അതുകൊണ്ട് അവിടുന്ന് ഉദേശിച്ചത്.. നമ്മുടെ കുടുംബ
ജീവിതത്തിലെ കുരിശുകൾ.. അത് ഒരുപക്ഷെ മദ്യപാനിയായ ഭർത്താവോ, മകനോ, അപ്പനോ ആകാം, വഴക്കാളിയും അലപ്പറയുമായ ഭാര്യയാകാം, മരുമകൾ ആകാം, അമ്മായിയമ്മ ആകാം, തന്നിഷ്ടക്കാരും അനുസരണമില്ലാത്തവരും ശാരീരിക
വൈകല്യവുമുള്ള മക്കളാകാം, ഇങ്ങനെ
പലതുമാകാം.. നെഞ്ചോട് ചേർത്തു പിടിക്കേണ്ട കുരിശുകൾ... പിറുപിറുക്കാതെ സസന്തോഷം
വഹിക്കുക.. ദൈവം നമ്മുടെ ജീവിതത്തിൽ ഇടപെടുന്നത് ശൂന്യതയിലൂടെയല്ല, ജീവനുള്ള മനുഷ്യരിലൂടെയാണ്.
മനുഷ്യ ദുഖങ്ങളുടെ സമുച്ചയമാണ് കുരിശ്.
മനുഷ്യ ജീവിതത്തിലെ പരുക്കൻ അനുഭവങ്ങൾ തന്നെയാണ് അവന്റെ കുരിശ്. നമ്മുടെ
ഇഷ്ടങ്ങൾക്കു കുറുകെ നിൽക്കുന്ന മറ്റുള്ളവരുടെ ഇഷ്ടങ്ങളാണ് കുരിശായി മാറുന്നത്.
പലപ്പോഴും നാം ചോദിക്കാറുണ്ട് "എന്തു കൊണ്ട് എനിക്കിത്"?. അതിന്റെ മറുപടിയാണ് ഈ ദുഃഖ വെള്ളി. കർത്താവും
ചോദിച്ചു, "പിതാവേ
എന്തുകൊണ്ട് നീ എന്നെ കൈവെടിഞ്ഞു ". പിതാവ് ഒരക്ഷരം മിണ്ടിയില്ല..
നിശ്ശബ്ദനായിരുന്നു.. കാരണം ലോകരക്ഷയ്ക്കായി അത് അനിവാര്യമായിരുന്നു. ജീവിതത്തിൽ
സഹനങ്ങൾ, വേദനകൾ
വരുമ്പോൾ തളരരുത്... നമ്മുടെ, അഥവാ നമ്മിലൂടെ മറ്റു ചിലരുടെ മാനസിക ആത്മീയ ഉയിർപ്പിനായി, ഉണർവ്വിനായി, വിശുദ്ധീകരണത്തിനായി ഇവയൊക്കെ അനിവാര്യമാണ്..
ദുഃഖവെള്ളി എന്നത് സത്യത്തിൽ ദുഃഖത്തിന്റെ ദിവസമല്ല, അത് നന്മയുടെ ദിവസമാണ്.. രക്ഷയുടെ
ദിവസമാണ്...
വേർപാടിന്റെ പൊരുൾ എന്തെന്ന് ആഴമായി നാം
അന്വേഷിച്ചു തുടങ്ങുന്നത് അത്രയ്ക്ക് പ്രിയപ്പെട്ടൊരാൾ നമ്മെ വിട്ടകലുമ്പോഴാണ്.
ക്രിസ്തുവിന്റെ മരണത്തിനു ശേഷമാണ് അവന്റെ ശ്വാസമായി നടന്ന ശിഷ്യന്മാർ പോലും അവൻ
ആരായിരുന്നു എന്നറിഞ്ഞത്..
മറ്റുള്ളവരുടെ വേദനകൾ ഏറ്റെടുത്ത ഒരു
ഗുരുവിനെ അനുയായികളാണ് നമ്മൾ.. ക്രിസ്തു കുരിശിലുടെ സ്നേഹിച്ചതുപോലെ നമ്മുക്കും
സ്നേഹിക്കാം, അവൻ വേദന
സഹിച്ച് ക്ഷമിച്ചതുപോലെ നമ്മുക്കും ക്ഷമിക്കാം... ഈ ദുഃഖ വെള്ളിയും കടന്നുപോകും..
വലിയൊരു ഉയിർപ്പിന്റെ രക്ഷ നമ്മെ കാത്തിരിക്കുന്നു. എല്ലാവർക്കും ഈ
പുണ്യവെള്ളിയുടെയും വിശുദ്ധ ശനിയുടെയും ആശംസകൾ പ്രത്യാശ പുർവ്വം നേരുന്നു... സസ്നേഹം ഷേർലി
മാത്യു... (10.04.2020)